01:18pm 01 July 2026
NEWS
ലക്ഷദ്വീപിൽ മദ്യനിരോധനം അവസാനിപ്പിച്ച നടപടി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് എസ്.വൈ.എസ് ധർണ്ണ നടത്തി.
01/07/2026  11:15 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലക്ഷദ്വീപിൽ മദ്യനിരോധനം അവസാനിപ്പിച്ച നടപടി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് എസ്.വൈ.എസ് ധർണ്ണ നടത്തി.
HIGHLIGHTS

എസ് വൈ എസിന്റെ നേതൃത്വത്തിൽ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണയിൽ  എസ് വൈ എസ്  സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം  നടത്തുന്നു.

 

കൊച്ചി: ലക്ഷദ്വീപിൽ മദ്യവിൽപ്പനയും ഉപഭോഗവും അനുവദിക്കുന്ന പുതിയ എക്സൈസ് നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വില്ലിംഗ്ടൺ ഐലൻ്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കാണ് ധർണ്ണ നടത്തിയത്. നാല് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധന നിയമം റദ്ദാക്കിക്കൊണ്ടാണ് പുതിയ നിയമം നിലവിൽ വന്നത്. പുതിയ ഉത്തരവോടെ, 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമമാണ് ഇല്ലാതാവുന്നത്.
ദ്വീപിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാനും വരുമാനം വർദ്ധിപ്പിക്കാനുമാണ് പുതിയ നീക്കമെന്നാണ് സർക്കാർ പറയുന്ന ന്യായം. എന്നാൽ 1979 മുതൽ ഏതാനും ടൂറിസ്റ്റ് റിസോർട്ടുകളിൽ മാത്രം അനുമതിയുണ്ടായിരുന്ന മദ്യം, ദ്വീപു നിവാസികളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് എങ്ങും ലഭ്യമാക്കാൻ ശ്രമിക്കുന്നത് കടുത്ത ക്രൂരതയാണെന്ന് ധർണ്ണ  ആരോപിച്ചു. ടൂറിസം വികസനത്തിൻ്റെ മറവിൽ സാംസ്കാരിക സവിശേഷതകളും പാരിസ്ഥിതിക പ്രാധാന്യവുമുള്ള ദ്വീപിൽ പുതിയ നിയമം നടപ്പിലാകുന്നതിലൂടെ സംഭവിക്കാനിടയുള്ള അധാർമ്മിക പ്രവണതകൾ ഭരണകൂടം ചർച്ച ചെയ്യേണ്ടതുണ്ട്. പുതിയ തലമുറയിലെ ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതിൻ്റെ ദുരന്തങ്ങൾ രാഷ്ട്രം ഏറെ അനുഭവിച്ചതാണ്. ദ്വീപിലെ നിഷ്കളങ്കരായ ജനങ്ങൾക്കിടയിലേക്കും ഇത്തരം ദുരന്തങ്ങൾ വ്യാപിപ്പിക്കുവാനുള്ള സർക്കാർ ശ്രമം അടിയന്തരമായി ഉപേക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തുടർന്ന് ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള നിവേദനം കേരള മുസ്ലിം ജമാഅത്തിന്റെയും,  എസ് വൈ എസ് ന്റെയും സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ VH അലി ദാരിമി, അബ്ദുൽ ജലീൽ സഖാഫി  കടലുണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പ്രതിനിധിക്ക് കൈമാറി.
എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്റ്‌ കെ എസ് എം  ഷാജഹാൻ സഖാഫി അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണയുടെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത് സംസ്ഥാന ഉപാദ്ധ്യക്ഷൻ  വി  എച് അലി ദാരിമി നിർവ്വഹിച്ചു. 
കേരള മുസ്‌ലിം ജമാഅത്‌ ജില്ലാ ജനറൽ സെക്രട്ടറി  എം പി അബ്ദുൽ ജബ്ബാർ സഖാഫി ആമുഖ പ്രഭാഷണവും എസ് വൈ എസ്  സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണവും നടത്തി.  മുസ്‌ലിം ജമാഅത്ത് ലക്ഷദ്വീപ് പ്രസിഡന്റ്‌  കെ സി  അബ്ദുൽ ഖാദർ സഖാഫി അഗത്തി, ലക്ഷദ്വീപ് എസ്. വൈ. എസ്. ജനറൽ സെക്രട്ടറി ഹാഷിം അഹസനി കവരത്തി ലക്ഷദ്വീപിലെ  നിലവിലെ സാഹചര്യങ്ങളെ കുറിച്ച്  വിശദീകരിച്ചു. 

കേരള മുസ്‌ലിം ജമാഅത്ത് കൊച്ചി സോൺ പ്രസിഡന്റ്‌  പി ടി  അഹ്മദ് കുട്ടി മുസ്‌ലിയാർ, എസ് വൈ എസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി  വി കെ  ജലാൽ, എസ് ജെ എം  ജില്ലാ ജനറൽ സെക്രട്ടറി സലീം അൽ ഹസനി, എസ് വൈ എസ് എറണാകുളം ജില്ലാ  ക്യാബിനറ്റ് അംഗങ്ങളായ മീരാൻ സഖാഫി, അൻസർ അലി, സത്താർ കരിമക്കാട്, ഷമീർ കൊച്ചി ഷാജഹാൻ സഖാഫി മുവാറ്റുപുഴ, അൻസാർ മഞ്ഞുമ്മൽ, എസ് വൈ എസ് കൊച്ചി സോൺ സെക്രട്ടറി  എ എ  വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img